മാലിന്യനിർമാജന വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി റെയിൽവേ സഹകരിക്കുന്നില്ലെന്ന ആക്ഷേപം ശരിവയ്ക്കുന്ന തരത്തിലുള്ള രേഖകൾ മാധ്യമങ്ങൾ പുറത്തുവിട്ടു. റെയിൽവേയുമായി ബന്ധപ്പെട്ട മാലിന്യ വിഷയം കൈകാര്യം ചെയ്യുന്നതിന് തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പ്രത്യേക യോഗം വിളിച്ചു ചേർത്തിരുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ മാലിന്യനീക്കത്തിലെ പിഴവ് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചതായി ഈ യോഗത്തിന്റെതായി പുറത്തുവന്ന മിനുട്ട്സ് വ്യക്തമാക്കുന്നു. എന്നാൽ ഈ യോഗത്തിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ ആരും പങ്കെടുത്തില്ല.
അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിന്റെ മിനിറ്റ്സ് ട്വന്റിഫോർ ന്യൂസ് പുറത്തുവിട്ടു. എന്നാൽ റെയിൽവേയുടെ സീനിയർ ഉദ്യോഗസ്ഥർ വരാത്തതിനാൽ റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ മാലിന്യ നീക്കം യോഗത്തിൽ ചർച്ചചെയ്യാൻ സാധിച്ചില്ല. ഇക്കാര്യം മിനുറ്റ്സിലും വിമർശനമായി രേഖപ്പെടുത്തിയിരുന്നു.കൂടാതെ തമ്പാനൂരിലെ തുരങ്കം വൃത്തിയാക്കുന്നതിനായി മെയ് മാസം നൽകിയ കത്തിനോട് മുഖം തിരിക്കുന്ന നിലപാടാണ് റെയിൽവേ സ്വീകരിച്ചത്.
തിരുവനന്തപുരം ഡിവിഷനിൽ ശരിയായ മാലിന്യം നീക്കം നടക്കുന്നില്ലെന്നും യോഗത്തിൽ കുറ്റപ്പെടുത്തൽ ഉയർന്നിരുന്നു. റെയിൽവേ പരിധിയിൽ ഉള്ള ടണലിലെ മാലിന്യം നീക്കം ചെയ്യണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ആവശ്യത്തോട് റെയിൽവേ മുഖം തിരിച്ചെന്നും വിമർശനമുയർന്നിരുന്നു. മാലിന്യ നീക്കത്തിൽ ഡിവിഷനിൽ പുരോഗതി ഉണ്ടാകുന്നില്ലെന്നും സർക്കാർ വിമർശിച്ചിരുന്നു.