CAA സമരത്തിൽ നിന്നും കോൺഗ്രസ് എന്തിനു പിന്മാറിയെന്ന് പിണറായി

Keralam

പൗരത്വ ഭേദഗതിക്കെതിരായ സമരത്തിൽ നിന്ന് കോൺഗ്രസ് എന്തിനു പിന്മാറിയെന്നു രാഹുൽ ഗാന്ധി വ്യക്തമാക്കണെമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യ വ്യാപകമായി നടന്ന സമരങ്ങളിൽ ഇടതുപക്ഷം മാത്രമാണ് ഉറച്ചു നിന്നതു. കോൺഗ്രസ് പാതിവഴിയിൽ പിന്മാറുകയാണുണ്ടായത്. സിഎഎ സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടോ എന്നും ചോദിച്ചു.

രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ജയില്‍ എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കുന്നവരല്ല ഞങ്ങളെന്നും നിങ്ങളുടെ മുത്തശ്ശി എന്നെ ഒന്നര വര്‍ഷം ജയിലിലിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലും അന്വേഷണവും കാട്ടി ഞങ്ങളെ വിരട്ടരുതെന്നും നിങ്ങള്‍ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല എന്ന് തെളിയിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ് രണ്ട് മുഖ്യമന്ത്രിമാരുടെ ജയിലിലടയ്ക്കലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ അന്വേഷണ ഏജന്‍സികള്‍ വലവീശി പിടിക്കുകയാണ് അവരെ അഴിമതിക്കാരെന്ന് ചിത്രീകരിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ബിജെപിയുടെ അജണ്ടയാണെന്നും അതിനു കുട പിടിക്കുന്ന സമീപനമാണ് കോൺഗ്രസ്സിന്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചെർത്തു.

കോണ്‍ഗ്രസിതര നേതാക്കള്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ വരുമ്പോള്‍ കോണ്‍ഗ്രസ് അതിനെ അനുകൂലിക്കുന്നുവെന്നും കെജ്രിവാളിന്റെ കേസ് ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ നില കേരളത്തിൽ കോൺഗ്രസ് ശക്തമായി തുടരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായിയെ എന്തുകൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ് ചെയ്‌യുന്നില്ലെന്ന് രാഹുൽഗാന്ധി ഇന്നലെ കണ്ണൂരിൽ പ്രസംഗിച്ചിരുന്നു. അതിനു മറുപടിയായാണ് രാഹുലിനും കോൺഗ്രസിനുമെതിരെ പിണറായിയുടെ പരിഹാസം.

അതിനിടെ ഇന്നലത്തെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി രംഗത്തെത്തി. ഇന്ത്യ മുന്നണിയിലെ ഒരു മുഖ്യമന്ത്രിയെ ജയിലിൽ അടയ്ക്കൂ എന്ന് മോദിയോട് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം ഏതുതരത്തിലുള്ളതാണ് എന്നാണ് സർദേശായി ചോദിക്കുന്നത്. കൂടാതെ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടേണ്ട യുപിയിലേക്കും ഹിന്ദി ഹൃദയ ഭൂമിയിലേക്കും എത്ര യാത്രകൾ പ്രചരണത്തിനായി രാഹുൽ നടത്തി എന്ന മറ്റൊരു ചോദ്യവും അദ്ദേഹം സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവെച്ചു.

Leave a Reply