പൗരത്വ നിയമത്തെക്കുറിച്ചുൾപ്പെടെ ഒന്നും മിണ്ടാതെ വീണ്ടും രാഹുൽ ഗാന്ധിയുടെ വയനാട് റോഡ് ഷോ. പതിവുപോലെ മുസ്ലിം ലീഗിന്റെയും യുഡിഎഫിലെ മറ്റു ഘടക കക്ഷികളുടെയും കോൺഗ്രസിന്റെയും കൊടികളൊഴിവാക്കിയാണ് പരിപാടി നടന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവെങ്കിലും രാഷ്ട്രീയ വിശദീകരണങ്ങളൊന്നും രാഹുൽ ഗാന്ധി നൽകിയില്ല. വന്യജീവി സംഘർഷം സങ്കീർണ്ണപ്രശ്നമെന്ന് പറഞ്ഞ രാഹുൽ രാത്രിയാത്ര പ്രശ്നം അധികാരത്തിലെത്തിയാൽ പരിഹരിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ തവണ പറഞ്ഞ വാഗ്ദാനങ്ങൾ പലതും ഇത്തവണയും ആവർത്തിച്ചു.
കൊടി വേണ്ടെന്ന യുഡിഎഫ് ഔദ്യോഗിക തീരുമാനം വന്നതോടെ കടുത്ത അതൃപ്തിയിലാണ് മുസ്ലിം ലീഗ്. ബലൂണുകളുമായാണ് ഇത്തവണയും രാഹുൽ ഗാന്ധിയെ പ്രവർത്തകർ എതിരേറ്റത്.
വന്യജീവി പ്രശ്നങ്ങളിലുൾപ്പെടെ കഴിഞ്ഞ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ആവർത്തിച്ച രാഹുൽ ഗാന്ധി താൻ നിരന്തരം കത്തെഴുതുന്നുണ്ടെന്നായിരുന്നു പ്രതികരിച്ചത്. എന്നാൽ വിഷയത്തിൽ പാർലമെന്റിൽ ഒരു സ്വകാര്യബില്ലുപോലും അവതരിപ്പിക്കാൻ തയ്യാറായിട്ടില്ലെന്നാണ് പാർലിമെന്റ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്.
കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലെത്തിയാൽ ദേശീയപാത 766 ലെ ഗതാഗത നിരോധം പരിഹരിക്കുമെന്നാണ് രാഹുലിന്റെ മറ്റൊരു പ്രഖ്യാപനം. 2019 ലെ ത്തിൽ നിന്നും വ്യത്യസ്തമായ സാഹചര്യമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സമയം മണ്ഡലത്തിലുണ്ടാവണമെന്ന തീരുമാനപ്രകാരമായിരുന്നു രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ റോഡ്ഷോകൾ.