കോടികളുടെ തട്ടിപ്പ് നടത്തിയ ഓസ്ട്രേലിന്‍ മലയാളി വ്യവസായിക്കെതിരെ ചലച്ചിത്ര നിര്‍മ്മാതാവ്. സിനിമാ വിതരണത്തിന്റെ പേരിലാണ് തട്ടിപ്പു നടത്തിയതെന്ന് ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയുടെ നിര്‍മ്മാതാവ് മുരളികുന്നുംപുറത്തു പരാതിയുമായി എത്തിയിരിക്കുന്നത്. കൂടുതല്‍ പരാതിക്കാരുമായാണ് മുരളി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഓസ്ട്രേലിയയിലെ പെര്‍ത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ചമ്പക്കുളം സ്വദേശി ഷിബു ജോണിനെതിരെയാണ് പരാതി.
ഇരുവരും ചേർന്ന് ഓസ്ട്രേലിയയില്‍ പങ്കാളിത്ത വ്യവസ്ഥയില്‍ വാട്ടര്‍മാന്‍ ഓസ്ട്രേലിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി ആരംഭിചിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിയുന്നതിന് മുമ്പേ അക്കൗണ്ടന്റിന്റെ സഹായത്തോടെ തന്റെ അറിവോ സമ്മതമോ ഇല്ലാതെ കമ്പനിയുടെ പങ്കാളിത്തത്തില്‍ നിന്നും ഒഴിവാക്കിയെന്നും കച്ചവടത്തിനായി പെര്‍ത്തിലേക്ക് കയറ്റിയയച്ച ടൈലിന്റെ വിലയായ 1.16 കോടി രൂപ നല്‍കിയില്ലെന്നുമാണ് മുരളി നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. ഈ കേസില്‍ ഷിബുവിന്റെ മകന്‍ ആകാശും പ്രതിയാണ്.
സിനിമാ വിതരണത്തിന്റെയും വിദേശ കമ്പനികളിലെ പങ്കാളിത്തത്തിന്റെയും പേരില്‍ ഷിബു ജോൺ കോടിക്കണക്കിന് രൂപ പറ്റിച്ചെന്ന് മുരളി നേരത്തെ തന്നെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ഇയാളുടെ തട്ടിപ്പിനിരയായ പത്തോളം പേരും കേസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസും ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസും ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.