രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിൽ പാര്‍ട്ടി വിപ്പ് ലംഘിച്ച് ബിജെപിയ്ക്ക് വോട്ട് ചെയ്ത ആറ് എംഎല്‍എമാരേയും അയോഗ്യരാക്കി കോണ്‍ഗ്രസ്. ഉറപ്പായും കോണ്‍ഗ്രസിന് കിട്ടേണ്ടിയിരുന്ന സീറ്റ് ബിജെപിയ്ക്ക് അടിയറവെച്ച വിമത എംഎല്‍എമാര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് കടക്കുകയാണ് പാര്‍ട്ടി നേതൃത്വം. ഹിമാചലില്‍ പാര്‍ട്ടിയെയും മുഖ്യമന്ത്രിയേയും വെല്ലുവിളിച്ച് ബിജെപിയ്ക്ക് അനുകൂലമായി വോട്ട് ചെയ്തവർക്കെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് സ്പീക്കര്‍ കുല്‍ദീപ് സിങ് പഥാനിയയാണ് നടപടി നിയമസഭയില്‍ പ്രഖ്യാപിച്ചത്.
രജീന്ദര്‍ റാണ, സൂധീര്‍ ശര്‍മ്മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രവി താക്കൂര്‍, ചേതന്യ ശര്‍മ്മ എന്നിവരാണ് നിയമസഭയില്‍ അയോഗ്യരായ വിമത എംഎല്‍എമാര്‍. പാര്‍ട്ടി വിപ്പ് ലംഘിച്ചാണ് ഇന്നലെ സഭയില്‍ ധനകാര്യ ബില്ലില്‍ സര്‍ക്കാരിന് എതിരായി ഇവർ വോട്ടു ചെയ്തത്. ആ കാരണത്താലാണ് ഇവർക്കെതിരെ സ്പീക്കർ നടപടിയെടുത്തത്. നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത എംഎല്‍മാരെ കൂട്ടുപിടിച്ച് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുത്ത ബിജെപി നിയമസഭയില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചിരുന്നു. ബിജെപിയുടെ പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ അടക്കം 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ ഇതോടെ സസ്പെന്‍ഡ് ചെയ്താണ് സഭയില്‍ കോണ്‍ഗ്രസിന്റെ ബജറ്റ് പാസാക്കിയെടുത്തത്.